കൊല്ലം: ഓപ്പറേഷന് തൂഫാനിലൂടെ ലഹരിവ്യാപനത്തിന്റെ വഴികളെല്ലാമാണ് സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച തൂഫാന് സെമിനാറും സന്നദ്ധ സംഘടനകള്‍ സ്കൂളില്‍ നടപ്പാക്കുന്ന വിവിധ വാര്‍ഷിക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് വിദ്യാര്‍ഥികള്‍ക്കുണ്ട്; ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ ഉയര്ന്നപങ്കാളിത്തമാണ് തെളിവ്. പൊതുവിദ്യാലയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഭൗതികസാഹചര്യങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും കാലാനുസൃതമായി പരിഷ്കരിക്കും. വിദ്യാര്‍ഥി ക്ഷേമത്തിനു പ്രഥമപരിഗണനയാണ് നല്‍കുന്നതെന്നും ലഹരി വ്യാപനത്തിന്റെ വേരറുക്കാന്‍ വിദ്യാര്‍ഥിസമൂഹത്തിന്റെ തുടര്‍പിന്തുണ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സന്നദ്ധ സംഘടനയായ ജെസിഐയുടെ കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് റജി നിസ അധ്യക്ഷയായി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, റൂറല്‍ പോലീസ് സൂപ്രണ്ട് ഷാജി സുഗുണന്, വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുല്‍ഫിക്കര്‍ സലാം, കൊട്ടാരക്കര എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പ്രദീപ്, കൊട്ടാരക്കര വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷൈജിത തുടങ്ങിയവര്‍ പങ്കെടുത്തു.